സെക്‌സ്‌ റോബോട്ടുകള്‍ കീഴടക്കുന്ന മായിക ലോകം

Science Indica

03-03-2022 • 10 mins

അനുദിനം വളരുന്ന സാങ്കേതികവിദ്യയും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ വെല്ലുവിളിച്ചുകൊണ്ട്‌ സെക്‌സ്‌ റോബോട്ടുകള്‍ വിപണി പിടിക്കാനൊരുങ്ങുന്നു. എന്നാല്‍ ഇവയുടെ സ്വാധീനം സമൂഹത്തിലുണ്ടാക്കുന്ന വിള്ളലുകളെക്കുറിച്ച്‌ കൂടുതല്‍ പഠനവും നിയമനിര്‍മാണവും വേണമെന്ന ആവശ്യവും ഉയരുന്നു

റോബോട്ടുകള്‍ മനുഷ്യന്‌ പകരക്കാരാകാന്‍ ശ്രമിക്കുന്നതും അവകൊണ്ടുണ്ടാകുന്ന പൊല്ലാപ്പുകളും പല സിനിമകളിലും നമ്മള്‍ കണ്ടിട്ടുണ്ട്‌. എന്നാല്‍ സയന്‍സ്‌ ഫിക്ഷന്‍ സിനിമകളിലേതു പോലെ മനുഷ്യന്റെ ലൈംഗിക ആവശ്യങ്ങള്‍ക്കു വരെ റോബോട്ടുകള്‍ ഇറങ്ങി കഴിഞ്ഞു. സെക്‌സ്‌ റോബോട്ടുകള്‍ അഥവാ സെക്‌സോബോട്ടുകള്‍ എന്നറിയപ്പെടുന്ന ഇവ പല ചോദ്യങ്ങളും സമൂഹത്തില്‍ ഉന്നയിക്കുന്നുണ്ട്‌. മനുഷ്യനുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സ്‌പര്‍ശനത്തിനും ചലനങ്ങള്‍ക്കും അനുസരിച്ച്‌ പ്രതികരിക്കാനും കഴിവുള്ള സെക്‌സോബോട്ടുകള്‍ വരെ ഇന്ന്‌ മാര്‍ക്കറ്റില്‍ ലഭ്യമാണ്‌. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ പോലെ ക്രിത്രിമ വൈകാരിക അടുപ്പമുള്ള സെക്‌സ്‌ ഡോളുകളും ഉണ്ട്‌.

ആന്‍ഡ്രോയ്‌ഡ്‌ കുഞ്ഞപ്പന്‍ 2.0 എന്ന സിനിമയിലേതു പോലെ ഏതെങ്കിലും സമയത്ത്‌ അതിന്റെ കോഡിങ്ങിലോ നിര്‍ദേശങ്ങളിലോ മാറ്റം വന്നാല്‍ അവ പ്രതികരിക്കുന്നത്‌ മനുഷ്യന്‍ കരുതുന്നതു പോലെയുമാവില്ല

സംസാരിക്കാനും ചുണ്ടുകള്‍ ചലിപ്പിക്കാനും കണ്ണുകള്‍ അടയ്‌ക്കാനും തുറക്കാനുമെല്ലാം കഴിവുള്ള ഇത്തരം സെക്‌സോബോട്ടുകള്‍ സാമൂഹിക ഘടനയ്‌ക്ക്‌ തന്നെ വെല്ലുവിളിയാകുമെന്ന ഭീതിയാണ്‌ ഇപ്പോള്‍ ഉടലെടുക്കുന്നത്‌. പല രാജ്യങ്ങളിലും പ്രചാരം നേടുന്ന ഇത്തരം റോബോട്ടുകളുടെ വരുംവരായ്‌കകളെക്കുറിച്ച്‌ പഠിച്ച്‌ നിയമ നിര്‍മാണം നടത്തണമെന്നാണ്‌ ലോകമെമ്പാടുമുള്ള നിയമ വിദഗ്‌ദര്‍ ആവശ്യപ്പെടുന്നത്‌. കാരണം, പൊതുവിപണിയില്‍ ഇവ വരുന്നതിനു മുന്‍പ്‌ സെക്‌സ്‌ റോബോട്ടുകളുടെ ഉപയോഗം വ്യക്തികള്‍ക്ക്‌ ഗുണമാണോ ദോഷമാണോ ഉണ്ടാക്കുകയെന്നും, അവയുടെ ഉപയോഗം സമൂഹത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പഠനം നടന്നിട്ടില്ലെന്നും വിദഗ്‌ദര്‍ ചൂണ്ടിക്കാണിക്കുന്നു.

വ്യക്തിബന്ധങ്ങളെ മറികടക്കുമോ

ലൈംഗികത മനുഷ്യന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്‌ പല തരത്തിലാണ്‌. വ്യക്തിബന്ധങ്ങള്‍ക്ക്‌ വൈകാരിക അടുപ്പം കൂടി നല്‍കാന്‍ പലപ്പോഴും ഇവ സഹായകമാണ്‌. അങ്ങനെയുള്ളപ്പോള്‍ ഒരു യന്ത്രത്തിന്‌ മനുഷ്യനുമായി ആത്മബന്ധം സ്ഥാപിക്കാനാവുമോ? മനുഷ്യന്‌ മറ്റൊരാളുമായി തോന്നുന്ന സ്വാഭാവിക ആകര്‍ഷണവും അടുപ്പവും ഒരു യന്ത്രവുമായി സാധ്യമാകുമോ? നിര്‍മിത ബുദ്ധിയെ ഏതു തരത്തിലാണ്‌ സെക്‌സോബോട്ടുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌ ? ഇവയ്‌ക്ക്‌ മനുഷ്യന്റെ വികാരങ്ങളെ തിരിച്ചറിയാനാവുമോ ? എന്നു തുടങ്ങി ഒട്ടേറെ സംശയങ്ങള്‍ക്ക്‌ ഇനിയും ഉത്തരമില്ല. ഇത്തരം റോബോട്ടുകളെ ലൈംഗികതയ്‌ക്കായി ആശ്രയിക്കുമ്പോള്‍ അവ നമ്മുടെ വ്യക്തി ജീവിതങ്ങളെയും കുടുംബ ബന്ധങ്ങളെയുമെല്ലാം സാമൂഹിക ബന്ധങ്ങളെയുമെല്ലാം സാരമായി ബാധിക്കുമെന്നാണ്‌ വിദഗ്ധര്‍ പങ്കുവയ്‌ക്കുന്ന ആശങ്ക.

യന്ത്രങ്ങളും മനുഷ്യരും

2013ല്‍ ഇറങ്ങിയ ഹെര്‍ എന്ന ഇംഗ്ലീഷ്‌ സിനിമ കൈകാര്യം ചെയ്‌ത വിഷയം അക്കാലത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്‌. ആമസോണിന്റെ അലക്‌സ പോലെ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌ വോയ്‌സ്‌ അസിസ്‌റ്റന്റുമായി പ്രണയത്തിലാകുന്ന ഒരാളുടെ കഥയാണ്‌ ചിത്രം പങ്കുവച്ചത്‌. ഇത്തരം സയന്‍സ്‌ ഫിക്ഷന്‍ സിനിമകള്‍ യഥാര്‍ഥ ജീവിതത്തിലേക്ക്‌ പകര്‍ന്നാടുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ സംഭവിക്കുന്നതും. യന്ത്രങ്ങളും മനുഷ്യരും തമ്മിലുള്ള സൗഹൃദത്തിനപ്പുറം അവ നമ്മളെ സ്വാധീനിക്കുന്ന തരത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള അന്തരം കുറയുമെന്നും മനുഷ്യരുടെ സ്ഥാനം പതിയെ റോബോട്ടുകള്‍ ഏറ്റെടുക്കുന്ന കാലം വിദൂരമല്ല എന്നുമാണ്‌ വിമര്‍ശകര്‍ പറയുന്നത്‌.

പുസ്‌തകങ്ങളിലും സിനിമകളിലും മാത്രം കണ്ടുശീലിച്ച ഇത്തരം അസാധാരണ ബന്ധങ്ങള്‍ യഥാര്‍ഥ ജീവിതത്തിലേക്ക്‌ വരുമ്പോള്‍ അത്‌ എത്രത്തോളം മനുഷ്യനെ ബാധിക്കുമെന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു. തന്റെ കൂടെയുള്ള റോബോട്ട്‌ എത്ര യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറിയാലും പ്രോഗ്രാം ചെയ്‌തു വച്ചിരിക്കുന്ന വെറും യന്ത്രങ്ങള്‍ മാത്രമാണത്‌. ആന്‍ഡ്രോയ്‌ഡ്‌ കുഞ്ഞപ്പന്‍ 2.0 എന്ന സിനിമയിലേതു പോലെ ഏതെങ്കിലും സമയത്ത്‌ അതിന്റെ കോഡിങ്ങിലോ നിര്‍ദേശങ്ങളിലോ മാറ്റം വന്നാല്‍ അവ പ്രതികരിക്കുന്നത്‌ മനുഷ്യന്‍ കരുതുന്നതു പോലെയുമാവില്ല.

നിയമ നിര്‍മാണം സാധ്യമോ

സെക്‌സ്‌ പാവകളെക്കുറിച്ചും റോബോട്ടുകളെക്കുറിച്ചുമെല്ലാം പല സ്ഥലങ്ങളിലും സജീവ ചര്‍ച്ച നടക്കുന്നുണ്ട്‌. പല രാജ്യങ്ങളിലും സെക്‌സ്‌ റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം നിരോധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം അവിടങ്ങളില്‍ നിയമവിധേയമാണ്‌. പക്ഷേ മാലിദ്വീപ്‌, യുഎഇ, സൗദി അറേബ്യ, തായ്‌ലന്റ്‌, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഒരു തരത്തിലുമുള്ള സെക്‌സ്‌ ടോയ്‌സും കൈവശം വയ്‌ക്കാന്‍ തന്നെ അനുവാദമില്ല. ഇന്ത്യയിലും ഐപിസി സെക്ഷന്‍ 292 പ്രകാരം സെക്‌സ്‌ ടോയ്‌ വില്‍പന നിരോധിച്ചിട്ടുണ്ട്‌. ഓസ്‌ട്രേലിയയില്‍ കുട്ടികളുടെ രൂപത്തിലുള്ള സെക്‌സ്‌ പാവകളുടെ വില്‍പനയും നിരോധിച്ചിട്ടുണ്ട്‌. എന്നാല്‍ അവിടെ ഇപ്പോഴും സെക്‌സ്‌ റോബോട്ടുകളുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഇക്കാര്യത്തില്‍ പല രാജ്യങ്ങളിലും അവിടെ തന്നെയുള്ള പല ജനങ്ങള്‍ക്കും ഭിന്നാഭിപ്രായം ഉള്ളതുകൊണ്ട്‌ നിയമനിര്‍മാണം വെല്ലുവിളിയാണെന്നാണ്‌ നിയമ വിദഗ്‌ദര്‍ പറയുന്നത്‌. നിയമ നിര്‍മാതാക്കള്‍ക്ക്‌ സാമൂഹിക താത്‌പര്യവും വ്യക്തി സ്വാതന്ത്ര്യവും രണ്ടും ഒരുപോലെ മാനിക്കേണ്ടതിനാല്‍ അതിന്റെയൊരു സന്തുലനം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ്‌ പറയുന്നത്‌. റോബോട്ടുകളുമായുള്ള ലൈംഗികതയെക്കുറിച്ച്‌ ധാര്‍മികമായ പല പ്രശ്‌നങ്ങളും ഉടലെടുക്കുമ്പോഴും പല സ്ഥലങ്ങളിലും ഇവ നിയമ നിര്‍മാണത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ്‌ നിയമ വിദഗ്‌ദരും ആശങ്ക പ്രകടിപ്പിക്കുന്നത്‌.

സെക്‌സ്‌ റോബോട്ടുകള്‍ പൊതുവേ സമൂഹത്തിന്‌ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അതിവേഗം പുരോഗമിക്കുന്ന സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ മാത്രമേ നിയമനിര്‍മാണവും നടക്കുകയുള്ളൂ. ഇതുമൂലം സമൂഹത്തിനും വ്യക്തികള്‍ക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠിക്കണമെന്ന്‌ നിയമവിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്‌.

ചിലര്‍ക്ക്‌ ഗുണമാകാം

ചില പ്രത്യേക സാഹചര്യങ്ങളില്‍ സെക്‌സ്‌ റോബോട്ടുകള്‍ ചിലര്‍ക്ക്‌ പ്രയോജനപ്പെടാം എന്ന്‌ വാദിക്കുന്നവരുണ്ട്‌. പ്രായമായവര്‍, സാഹചര്യങ്ങള്‍ മൂലം ഒറ്റപ്പെട്ട്‌ കഴിയുന്നവര്‍, മാനസികമോ ശാരീരികമോ ആയ വെല്ലുവിളികള്‍ നേരിടുന്നവര്‍, പങ്കാളികളില്ലാത്തവര്‍, അവിഹിത ബന്ധത്തിന്‌ താത്‌പര്യമില്ലാത്തവര്‍, സാമൂഹികമായ ആശങ്കയുള്ളവര്‍, ശീഘ്രസ്‌ഖലനം പോലെയുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ സ്വാഭാവിക ലൈംഗികത ആസ്വദിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഇങ്ങനെയുള്ളവര്‍ക്ക്‌ സെക്‌സോബോട്ടുകള്‍ പ്രയോജനപ്പെട്ടേക്കാം. തങ്ങളുടെ പരിമിതികളില്‍ നിന്നുകൊണ്ട്‌ സുരക്ഷിതമായി ലൈംഗികതയിലേര്‍പ്പെടാന്‍ ഇത്തരക്കാര്‍ക്ക്‌ സെക്‌സ്‌ റോബോട്ടുകള്‍ അവസരമൊരുക്കുന്നു എന്നു വാദിക്കുന്നവരുമുണ്ട്‌.

രണ്ട്‌ വ്യക്തികള്‍ തമ്മില്‍ തികച്ചും വ്യക്തിപരവും വൈകാരികവുമായി സംഭവിക്കേണ്ട ഒന്നിനെ പൂര്‍ണമായും യാന്ത്രികവത്‌കരിക്കുമ്പോള്‍ അതിന്റെ മാനസികതലം തന്നെ മറ്റൊന്നായി മാറും

സെക്‌സ്‌ തെറാപ്പിസ്റ്റുകളുടെ അഭിപ്രായത്തില്‍ സാമൂഹികമായ ആശങ്കയുള്ളവര്‍, പങ്കാളികള്‍ ഇല്ലാത്ത എന്നാല്‍ അവിഹിത ബന്ധത്തിനു താത്‌പര്യമില്ലാത്തവര്‍, ശീഘ്രസ്‌ഖലനം ഉണ്ടാകുന്നവര്‍ എന്നിവര്‍ക്ക്‌ സെക്‌സോബോട്ടുകള്‍ പ്രയോജനപ്പെടാം എന്നാണ്‌ പറയുന്നത്‌. ചികിത്സാപരമായ കേസുകളില്‍ ഇവ ഉപകാരപ്പെടാമെങ്കിലും ആരോഗ്യപരമായ ബന്ധങ്ങളില്‍ ഇവ വിള്ളല്‍ വീഴ്‌ത്തുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കുഴപ്പങ്ങള്‍ പലവിധം

സെക്‌സോബോട്ടുകളുടെ കടന്നുവരവ്‌ ദോഷവുമുണ്ടാക്കും. അശ്ലീലചിത്രങ്ങളിലേതു പോലെ സ്‌ത്രീകളെ മോശമായി ചിത്രീകരിക്കാനും വസ്‌തുവല്‍ക്കരിക്കാനും ഇത്‌ ഇടയാക്കുമെന്നാണ്‌ ആക്ഷേപം. സ്‌നേഹവും വികാരങ്ങളും കൂടിച്ചേരേണ്ട സ്ഥലത്ത്‌ ലൈംഗികതയ്‌ക്ക്‌ മാത്രം പ്രാധാന്യം നല്‍കുന്ന സ്ഥിതിയാവും. ഇത്‌ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും കൂട്ടാന്‍ ഇടയാക്കും. ഇത്‌ സമൂഹവ്യവസ്ഥയെയും കുടുംബ വ്യവസ്ഥയെയുമെല്ലാം തകര്‍ക്കുന്ന തരത്തിലേക്കെത്തും. നിര്‍മിത ബുദ്ധി നല്‍കിയിരിക്കുന്ന ഇത്തരം റോബോട്ടുകള്‍ക്ക്‌ ലൈംഗികതയ്‌ക്ക്‌ സമ്മതമല്ലെന്ന്‌ പറയാനുള്ള കഴിവും നല്‍കിയിട്ടുണ്ടത്രേ.

റോബോട്ടുകളോട്‌ അതിക്രമം കാണിക്കാന്‍ ചെന്നാല്‍ അവയെങ്ങനെ പ്രതികരിക്കുമെന്നും ഇക്കാരണങ്ങള്‍കൊണ്ട്‌ പറയാനാകില്ല. ഇതെല്ലാം പഠനങ്ങള്‍ക്കും നിയമനിര്‍മാണത്തിന്റെയും പരിധിയില്‍ എങ്ങനെ ഉള്‍പ്പെടുത്തണമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്‌. സെക്‌സോബോട്ടുകള്‍ സ്‌ത്രീകളുടെ രൂപത്തിലും പുരുഷന്മാരുടെ രൂപത്തിലുമുണ്ട്‌. ആവശ്യക്കാര്‍ക്ക്‌ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള നിറവും രൂപവും തിരഞ്ഞെടുക്കാനും സൗകര്യമുണ്ടത്രേ. പക്ഷേ സ്‌ത്രീ റോബോട്ടുകള്‍ക്കാണ്‌ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതെന്ന്‌ പറയുമ്പോള്‍ നമ്മുടെ സമൂഹ മനസ്ഥിതി എങ്ങോട്ടാണ്‌ പോകുന്നതെന്നു കൂടി ചിന്തിക്കണം. സ്‌ത്രീകളെ വെറും ഉപഭോഗ വസ്‌തുവായി മാത്രം ചിത്രീകരിക്കുകയും അതിനുവേണ്ടി മാത്രം ഉപയോഗിക്കുകയും ചെയ്‌തു തുടങ്ങുന്ന ഒരു സമൂഹം രൂപപ്പെട്ടാല്‍! നമ്മുടെ സാമൂഹിക വ്യവസ്ഥിതിയും മൂല്യബോധങ്ങളും എല്ലാം കാറ്റില്‍ പറത്തിയതുപോലെയാകും.

മൂല്യബോധവും യാന്ത്രികവത്‌കരണവും

രണ്ട്‌ വ്യക്തികള്‍ തമ്മില്‍ തികച്ചും വ്യക്തിപരവും വൈകാരികവുമായി സംഭവിക്കേണ്ട ഒന്നിനെ പൂര്‍ണമായും യാന്ത്രികവത്‌കരിക്കുമ്പോള്‍ അതിന്റെ മാനസികതലം തന്നെ മറ്റൊന്നായി മാറും. അത്‌ മനുഷ്യന്റെ ചിന്തകളെ ഏതു രീതിയില്‍ സ്വാധീനിക്കുമെന്നും പറയാനാകില്ല. അതുകൊണ്ടുതന്നെ റോബോട്ടുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ നല്ലതും മോശവുമായ വശങ്ങളെക്കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ വെണമെന്ന്‌ ഇപ്പോള്‍ ആവശ്യമുയരുന്നുണ്ട്‌. എന്നാല്‍ അനുദിനം മാറുന്ന ടെക്‌നോളജിയില്‍ ഇനി ഇതിലും കൂടുതലായി എന്താകും സംഭവിക്കുക എന്നും പറയാനാവില്ല.

ളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ കാലത്ത്‌ മുന്‍കൂട്ടി പ്രോഗ്രാം ചെയ്‌തുവച്ചിരിക്കുന്ന ഒരു യന്ത്രത്തെ എത്രകാലത്തേക്ക്‌ അല്ലെങ്കില്‍ എങ്ങിനെ പൂര്‍ണമായി ആശ്രയിക്കാനാവും എന്നത്‌ വലിയൊരു ചോദ്യമാണ്‌

ഇപ്പോഴും പല രാജ്യങ്ങളിലും സെക്‌സോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം നിരോധിച്ചിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഒരു അഭിപ്രായ സമന്വയം വേണമെന്നാണ്‌ ഗവേഷകരുടെയും നിയമനിര്‍മാതാക്കളുടെയും അഭിപ്രായം. സാങ്കേതികവിദ്യകളോട്‌ മനുഷ്യന്‍ എങ്ങനെ ക്രിയാത്മകമായി ഇടപെടുന്നു എന്ന ചോദ്യങ്ങളെ തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ്‌ സെക്‌സ്‌ റോബോട്ടുകളുടെ വരവ്‌. മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധത്തെ വെല്ലുവിളിക്കുകയാണ്‌ ഇവ ചെയ്യുന്നതെന്നും പറയാം.

എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ കാലത്ത്‌ മുന്‍കൂട്ടി പ്രോഗ്രാം ചെയ്‌തുവച്ചിരിക്കുന്ന ഒരു യന്ത്രത്തെ എത്രകാലത്തേക്ക്‌ അല്ലെങ്കില്‍ എങ്ങിനെ പൂര്‍ണമായി ആശ്രയിക്കാനാവും എന്നത്‌ വലിയൊരു ചോദ്യമാണ്‌. സെക്‌സോബോട്ടുകളുടെ നല്ലതും മോശവുമായ കാര്യങ്ങളെക്കുറിച്ച്‌ പഠനം നടത്തുക വളരെയധികം അത്യാവശ്യമാണ്‌. അത്‌ ആളുകള്‍ ഏതെല്ലാം തരത്തില്‍ ഉപയോഗപ്പെടുത്തുമെന്നും റോബോട്ടുകള്‍ മനുഷ്യനെ ഏതെല്ലാം തരത്തില്‍ ഉപയോഗപ്പെടുത്തുമെന്നെല്ലാം കാത്തിരിന്നു കാണുക തന്നെ വേണം.

You Might Like

StarTalk Radio
StarTalk Radio
Neil deGrasse Tyson
Hidden Brain
Hidden Brain
Hidden Brain, Shankar Vedantam
Speaking of Psychology
Speaking of Psychology
American Psychological Association
Something You Should Know
Something You Should Know
Mike Carruthers | OmniCast Media | Cumulus Podcast Network
Stanford Psychology Podcast
Stanford Psychology Podcast
Stanford Psychology
The Science of Happiness
The Science of Happiness
PRX and Greater Good Science Center
Radiolab
Radiolab
WNYC Studios
Paranormal Mysteries Podcast
Paranormal Mysteries Podcast
Paranormal Mysteries | Unexplained Supernatural Stories
Real Ghost Stories Online
Real Ghost Stories Online
Real Ghost Stories Online | Paranormal, Supernatural & Horror Radio
BrainStuff
BrainStuff
iHeartPodcasts
Science Friday
Science Friday
Science Friday and WNYC Studios
This Podcast Will Kill You
This Podcast Will Kill You
Exactly Right Media – the original true crime comedy network
Science Vs
Science Vs
Spotify Studios