EP 45: സ്‌കേസിറ്റി മാര്‍ക്കറ്റിംഗ് തന്ത്രം പ്രയോഗിക്കാം, ഉപഭോക്താക്കളെ കയ്യിലെടുക്കാം

100Biz Strategies

13-12-2022 • 4 mins


ക്ലബ്ഹൗസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എത്ര വേഗമാണ് നമുക്കിടയില്‍ ശ്രദ്ധ പിടിച്ചു പറ്റുകയും ജനകീയമാകുകയും ചെയ്തത്. കോവിഡ് കാലഘട്ടത്തില്‍ അടച്ചുപൂട്ടിയിരിക്കേണ്ട അനിവാര്യതയിലേക്ക് നാമെത്തിയപ്പോള്‍ ക്ലബ്ഹൗസ് എല്ലാവര്‍ക്കും ഒത്തുകൂടാനും പരസ്പരം കേട്ടു മുട്ടുവാനുമുള്ള വലിയൊരു വേദിയായി മാറി.

ക്ലബ്ഹൗസിലേക്കുള്ള ആദ്യ പ്രവേശനം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ആരുടെയെങ്കിലും ക്ഷണം ലഭിച്ചാല്‍ മാത്രമേ ക്ലബ്ഹൗസില്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ക്ലബ്ഹൗസിലേക്ക് ഇന്‍വിറ്റേഷന്‍ ലഭിക്കുന്നത് ഒരു അംഗീകാരമായി കരുതിയിരുന്നു. അങ്ങിനെ ക്ഷണം ലഭിച്ച് ജോയിന്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നിയിരുന്നു. തങ്ങള്‍ക്കെന്തോ പ്രത്യേക പരിഗണന ലഭിച്ചു എന്ന തോന്നല്‍ അതുളവാക്കുമായിരുന്നു.

ഇന്‍വിറ്റേഷന്‍ വഴി ആപ്ലിക്കേഷനിലേക്ക് പ്രവേശനം അനുവദിച്ച ആ തന്ത്രം കിടിലമായിരുന്നു. ഉല്‍പ്പന്നം കുറച്ചു പേര്‍ക്ക് മാത്രം ലഭ്യമാകുന്നു എന്ന് കരുതുക. ആ പ്രത്യേക വിഭാഗത്തോട് മറ്റുള്ളവര്‍ക്ക് അസൂയ തോന്നും. അവര്‍ക്കെന്തോ വിശേഷപ്പെട്ട അംഗീകാരം ലഭിച്ചതായി ചിന്തിക്കും. മനുഷ്യസഹജമായ ഇത്തരമൊരു വിചാരത്തെ, വികാരത്തെ മുതലെടുക്കുന്ന ഈ മാര്‍ക്കറ്റിംഗ് തന്ത്രമാണ് സ്‌കേസിറ്റി മാര്‍ക്കറ്റിംഗ് (Scarcity Marketing).